01:40am 05 September 2026
NEWS
നടക്കാം....ഇനി നായയെ പേടിക്കാതെ
03/07/2026  07:42 PM IST
NILA
നടക്കാം....ഇനി നായയെ പേടിക്കാതെ

 

ചെങ്ങന്നൂർ : വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കയ്യിൽ ധരിക്കാവുന്ന സുരക്ഷാ ഉപകരണം വികസിപ്പിച്ച് സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾ. സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു സാങ്കേതിക പരിഹാരം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലസൺ മാത്യു വിൽസൺ, ബിൻസൺ ബി, എം. പ്രവീൺ കുമാർ, സാവിയോ ജോയ്, ശ്രീരാഗ് ആർ എന്നിവർ ചേർന്ന് 
സെൻസ്- കെ 9
എന്ന സ്മാർട്ട് സുരക്ഷാ ഉപകരണം വികസിപ്പിച്ചത്.
കയ്യിൽ ധരിക്കാവുന്ന വാച്ചിന്റെ രൂപകല്പനയിലുള്ള ഈ ഉപകരണം അടിയന്തര സാഹചര്യങ്ങളിൽ ഒരു ബട്ടൺ അമർത്തുന്നതിലൂടെ പ്രവർത്തനക്ഷമമാകും. തുടർന്ന് ഉയർന്ന ഫ്രീക്വൻസിയിലുള്ള അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് ആക്രമണ സ്വഭാവമുള്ള നായകളെ സുരക്ഷിതമായ അകലത്തിലേക്ക് പിന്തിരിപ്പിക്കുകയാണ് ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിന്റെ ലക്ഷ്യം നായകളെ ഉപദ്രവിക്കുകയല്ല, മറിച്ച് മനുഷ്യർക്ക് സുരക്ഷിതമായി മാറി നിൽക്കുവാൻ അവസരം ഒരുക്കുക എന്നതാണ്. മനുഷ്യരുടെ ജീവനും സുരക്ഷയും സംരക്ഷിക്കുമ്പോൾ തന്നെ മൃഗങ്ങളോട് ഉള്ള കരുതൽ നിലനിർത്തുകയും ചെയ്യുന്നു.
ഇതിനൊപ്പം വൈബ്രേഷൻ അലർട്ട്, എൽ.ഇ.ഡി സൂചന, റിയൽ-ടൈം ക്ലോക്ക് ഡിസ്പ്ലേ തുടങ്ങിയ സൗകര്യങ്ങളും ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിച്ച് നായയെ സ്വയമേ തിരിച്ചറിയൽ, കുരയ്ക്കുന്ന ശബ്ദം വിശകലനം ചെയ്ത് ഓട്ടോമാറ്റിക് ആക്ടിവേഷൻ, ജിപിഎസ് ലൊക്കേഷൻ ഷെയറിങ് തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്താൻ വിദ്യാർഥികൾ ലക്ഷ്യമിടുന്നു. ഈ ഉപകരണത്തിന് ഇന്ത്യൻ പേറ്റന്റും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾ, പ്രായമായവർ, പ്രഭാതസവാരിക്കാർ, ജോഗേഴ്സ്, ഡെലിവറി ജീവനക്കാർ തുടങ്ങി തെരുവ് നായ ആക്രമണ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് ഈ ഉപകരണം ഏറെ പ്രയോജനകരമാകുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ മേധാവി ഡോക്ടർ ടിന്റു മേരി ജോണിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്. പദ്ധതിയുടെ വികസനത്തിനും വിജയകരമായ പൂർത്തീകരണത്തിനും കോളേജ് സെക്രട്ടറി എൻജിനീയർ ജോസ് തോമസിന്റെയും, മുൻ പ്രിൻസിപ്പൽ ഡോ. അജിത് പ്രഭുവിന്റെയും, നിലവിലെ പ്രിൻസിപ്പൽ ഡോ. സി.സതീഷ് കുമാറിന്റെയും പിന്തുണയും പ്രോത്സാഹനവും ലഭിച്ചതായി വിദ്യാർഥികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.